പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കി, ഡെങ്കിപ്പനി കേസുകളിൽ വൻവർധന, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കി, ഡെങ്കിപ്പനി കേസുകളിൽ വൻവർധന, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കട്ടപ്പന: മഴ തുടങ്ങിയതോടെ പകർച്ച വ്യാധി ഭീഷണിയിലാണ് ഇടുക്കിയും. ഡെങ്കിപ്പനി കേസുകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വർധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. 171 പേർക്കാണ് ഇതിനോടകം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധികളാണ് ഇടുക്കിയിലും കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം നാലു പേ‍ർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 25 പേർ എലിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്. ഡെങ്കിപ്പനി കേസുകളിലാണ് വൻ വർധനവ്. 2022 മെയ് വരെ ഏഴു പേർ‍ക്കാണ് ഇടുക്കിയിൽ ഡെങ്കിപ്പനി പിടിപെട്ടത്. എന്നാലിത്തവണയിത് 171 ലേക്കെത്തി. ആതായത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തി നാലിരട്ടിയാണ്. രോഗം സംശയിക്കുന്നവരുടെ എണ്ണം 651 ലേക്കുയർന്നു. കഴിഞ്ഞ വർഷം മെയ് വരെ 34 പേർക്ക് മാത്രമാണ് ഇടുക്കിയിൽ ഡെങ്കിപ്പനി പിടിപെട്ടത്. ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഡെങ്കിപ്പനി കേസുകളിൽ വൻ വർധനവുണ്ടാകുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.  അതിനാൽ ജൂലൈ മാസം പകുതിയോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വൻതോതിൽ കൂടുമെന്നാണ് കണക്കാക്കുന്നത്. അതിഥി തൊഴിലാഴികളിലാണ് മലമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സ്വദേശത്ത് പോയി മടങ്ങി വരുന്നവർക്ക് മലമ്പനി പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്തും. ഡെങ്കിപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ല മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്.  

Related Posts