സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. ശമനമില്ലാതെ കൊടുംചൂട്.

സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. ശമനമില്ലാതെ കൊടുംചൂട്.


സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പാലക്കാട് രണ്ടുപേർ ഉൾപ്പെടെ സംസ്ഥാനത്ത് മൂന്നുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സൂര്യാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് കരുതുന്നത്

ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ (35) മരിച്ചത്. കഴിഞ്ഞദിവസം രാവിലെ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാനെത്തിയത്. ഇതിനിടെ കുഴ‌ഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.

പാലക്കാട്ട് ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ പി രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ ശബരീഷിനെ (27) കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ടതോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പാലക്കാട് 56കാരി കുഴഞ്ഞുവീണ് മരിച്ചത്. തെങ്കര സ്വദേശിനി സരോജിനി ആണ് മരിച്ചത്. കുഴ‌ഞ്ഞുവീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. കൊടും ചൂടിന് ആശ്വാസം പകർന്ന് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി പ്രവചിച്ചിരിക്കുന്നത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കുമെന്ന് അറിയിപ്പുണ്ട്

Related Posts