മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിര്‍മാണചരിത്രത്തിലെ ഉരുക്കുവനിത ജാക്ക്ഹാമര്‍ മേരി ഇനി ഓർമ്മ

മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിര്‍മാണചരിത്രത്തിലെ ഉരുക്കുവനിത ജാക്ക്ഹാമര്‍

മേരി ഇനി ഓർമ്മ

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിര്‍മാണചരിത്രത്തിലെ ഉരുക്കുവനിത ജാക്ക്ഹാമര്‍ മേരി (90) അന്തരിച്ചു.

ഇടുക്കി ജില്ലയുടെ പ്രഥമ കളക്ടര്‍ ഡി.ബാബുപോളാണ് ജാക്ഹാമര്‍ എന്ന വിശേഷണംകൂടി മേരിയുടെ പേരിനൊപ്പം ചേര്‍ത്തു നല്‍കിയത്. നിലയം മൂലമറ്റത്ത് സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ നടക്കുന്ന സമയം. ഒന്നാംഘട്ടത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് പാറപൊട്ടിച്ച് കുഴിയെടുക്കാന്‍ അവിടെയുള്ള ആര്‍ക്കും കഴിഞ്ഞില്ല. പക്ഷേ, മേരിമാത്രം പിന്തിരിഞ്ഞില്ല. ജാക്ക് ഹാമര്‍ കൊണ്ട് പാറപൊട്ടിച്ച് കുഴിയെടുത്തു. അങ്ങനെയാണ് മേരി മൂലമറ്റത്തിന്റെ ജാക്ഹാമര്‍ മേരിയായത്.


പൊന്മുടി സ്വദേശിനിയായ ചെറുമുളയില്‍ മേരി 1962ലാണ് മൂലമറ്റത്ത് എത്തിയത്. മൂലമറ്റത്ത് വൈദ്യുതിനിലയത്തിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ ഈ പ്രദേശത്ത് പാറപൊട്ടിക്കാന്‍ ജാക്ഹാമര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്ന അപൂര്‍വം പേരിലൊരാളായിരുന്നു മേരി. അങ്ങനെ 1967 മുതല്‍ രണ്ടാം ഘട്ടത്തില്‍ 1985 വരെ വൈദ്യുതിനിലയത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി.



പുരുഷന്മാര്‍പോലും സഹായികളെക്കൂട്ടിയാണ് ജാക്ഹാമര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ മേരിക്ക് സഹായി ഉണ്ടായിരുന്നില്ല. മേരിയുടെ വഴി തനിവഴിയായിരുന്നു. ഇതുകണ്ടാണ് അന്നത്തെ കളക്ടര്‍ ബാബുപോള്‍ മേരിക്ക് ജാക്ഹാമര്‍ മേരി എന്നുപേരിട്ടത്. എല്ലാവര്‍ക്കും 1.15 പൈസ കൂലി നല്‍കിയിരുന്ന അക്കാലത്ത് തനിക്ക് 3.00 രൂപയായിരുന്നു കൂലിയെന്ന് മേരി വെളിപ്പെടുത്തിയിരുന്നു. വൈദ്യുതിനിലയം കമ്മിഷന്‍ ചെയ്ത വേളയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കെല്ലാം ഇലക്ട്രിസിറ്റി ബോര്‍ഡ് ജോലി നല്‍കി. എന്നാല്‍, മേരിയെ അവഗണിച്ചു. ഈ സങ്കടം അടുത്തകാലത്തും മേരി പത്രമാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. അറക്കുളംകുളമാവ് റോഡിലെ വീട്ടില്‍ ഏറെനാളായി വിശ്രമത്തിലായിരുന്നു മേരി.ഭര്‍ത്താവ് പരേതനായ പൈലി. മക്കള്‍: ബേബി, മേഴ്‌സി, ബിജു, പരേതരായ ബാബു, ടോമി, സൈമണ്‍. മേരിയുടെ സംസ്‌കാരം ചൊവ്വാഴ്ച പത്തിന് അറക്കുളം സെയ്ന്റ് മേരീസ് പുത്തന്‍പള്ളി സെമിത്തേരിയില്‍

Related Posts